തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ മീറ്റിന്റെ ആവേശ മത്സര ഇനമായ 4x100 മീറ്റര്‍ റിലേയില്‍ റിക്കാര്‍ഡുകളുടെ കുത്തൊഴുക്ക്. നാലു റിക്കാര്‍ഡുകളാണ് ഇന്നലെ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ തിരുത്തപ്പെട്ടത്.
42 വര്‍ഷം പഴക്കമുള്ള സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ റിക്കാര്‍ഡ് പാലക്കാട് തകര്‍ത്തെറിഞ്ഞു. 1983ല്‍ കണ്ണൂര്‍ കുറിച്ച 51.78 സെക്കന്‍ഡ് എന്ന സമയം 51.71 ആക്കി തിരുത്തിയാണ് പാലക്കാടന്‍ പെണ്‍കുട്ടികള്‍ താരമായത്.
ജൂണിയര്‍ പെണ്‍കുട്ടികളില്‍ 1988ല്‍ കണ്ണൂര്‍ സ്ഥാപിച്ച 49.3 സെക്കന്‍ഡ് സമയം 48.75 സെക്കന്‍ഡാക്കി ഇക്കുറി പുതുക്കിയത് കണ്ണൂര്‍ താരങ്ങള്‍ തന്നെ. ജൂണിയര്‍ ആണ്‍കുട്ടികളില്‍ 43.45 സെക്കന്‍ഡില്‍ ഓടിടെത്തി തൃശൂര്‍ റിക്കാര്‍ഡിന് അവകാശികളായി.
സീനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറം 42.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. അതോടെ പഴങ്കഥയായത് 2010ല്‍ കോട്ടയം സ്ഥാപിച്ച 42.63 സെക്കന്‍ഡ് എന്നസമയം.